Barun Chandran
3 min readAug 9, 2019

--

സഞ്ചാരികൾക്കും സംരംഭകർക്കും ബുദ്ധിമുട്ടാകുന്ന ഇന്ത്യൻ പാസ്‌പോർട്ടിന്റെ ദയനീയാവസ്ഥ #IndianPassport

Sucks to hold an Indian Passport as an International traveller and a Startup digital nomad. With a whole bundle of documents you submit, Visa processing time is 10 to 15 days, which literally clip your wings!

— — — — — — — — — — — — — — — — — — — — — — — — — — -
അന്താരാഷ്ട്ര സംരംഭകൻ & ലോകയാത്രികൻ എന്ന നിലയിൽ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്ന സംഗതിയാണ് ഇന്ത്യൻ പാസ്പോർട് വഹിക്കുന്നവന്‍ എന്നത്. കാരണം ലോകത്തിലെ ഒട്ടുമിക്ക വികസിത രാജ്യങ്ങൾ സന്ദർശിക്കാനും ഇന്ത്യക്കാർക്ക് വിസ വേണ്ടി വരുന്നു എന്നതാണ്. എന്നെപ്പോലുള്ള സാധാരണക്കാരായ മധ്യവർഗ സംരംഭകർക്ക് ബിസിനസ് ആവശ്യങ്ങൾക്കായി ഒരുപാട് രാജ്യങ്ങൾ തുടർച്ചയായി സന്ദർശിക്കേണ്ടി വരുന്നു. വികസിത രാജ്യങ്ങളിലേക്കുള്ള സന്ദർശന വിസകൾ ലഭിക്കാൻ അപേക്ഷയും രേഖകളും നൽകി പത്തു മുതൽ പതിനഞ്ചു ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. വിസ അപേക്ഷയോടൊപ്പം പാസ്‌പോർട്ടും സമർപ്പിക്കുന്നതിനാൽ ഇക്കാലയളവിൽ സ്വന്തം നാട്ടിലേക്കോ വിസ ആവശ്യമില്ലാത്ത മറ്റു രാജ്യങ്ങളോ സന്ദർശിക്കാൻ സാധിക്കില്ല. ഇതു കാരണം തടസങ്ങളും, കാല താമസങ്ങളും, യാത്രാ അസൗകര്യങ്ങളും സംഭവിക്കുന്നു. ഇക്കാരണത്താൽ പലപ്പോഴും മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടിയാലോ എന്ന് ചിന്തിക്കാറുണ്ട്. നേഴ്‌സുമാരെ കല്യാണം കഴിച്ചും, ഐ ടി ജോലി നേടിയും അമേരിക്കയിലും യൂറോപ്പിലും സെറ്റിൽ ആയ പല സുഹൃത്തുക്കളും ഇത് നിർദേശിക്കാറുമുണ്ട്. പക്ഷെ ജന്മനാടായ മലയാള മണ്ണ് ഇന്ത്യയിലായതു കൊണ്ട്, മലയാളി എന്ന ആത്മബോധവും അഹങ്കാരവും ഉള്ളതു കൊണ്ട്, എല്ലാ മാസവും നാട്ടിലേക്ക് ഓടിയെത്തി നാടുമായി ബന്ധപ്പെട്ട് നിൽക്കുന്നത് കൊണ്ട് അവസരമുണ്ടായിട്ടും മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടാൻ മനസനുവദിച്ചിട്ടില്ല.

ആകെയുള്ള 195 രാജ്യങ്ങളിൽ 137 രാജ്യങ്ങൾ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസ വേണം. 2019 ൽ ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം 86 ലാണ്. 2010 ൽ ഇന്ത്യ 77 ആം സ്ഥാനത്തായിരുന്നു. 2010 ന് ശേഷം 9 സ്ഥാനങ്ങൾ പിന്നിലായി നമ്മുടെ രാജ്യം. ബ്രിക്സ് രാജ്യങ്ങളിൽ ഏറ്റവും പിന്നിലുമാണ് ഇന്ത്യ. ഇതേ കാലയളവിൽ ബ്രസീൽ 10 ഉം ചൈന 14 ഉം സ്ഥാനം മുന്നോട്ട് കയറി. ഇന്ത്യൻ പൗരൻമാരെ വിസയില്ലാതെ സന്ദർശിക്കാൻ എത്ര വിദേശ രാജ്യങ്ങൾ അനുവദിക്കുന്നു എന്നതാണ് പാസ്പോർട്ട് റാങ്കിങ്ങിന്റെ മാനദണ്ഡം. അന്താരാഷ്ട്ര സമൂഹത്തിൽ ഒരു രാജ്യത്തിനുള്ള പ്രതിച്ഛായയും അംഗീകാരവും അവിടുത്തെ പൗരൻമാർക്ക് മറ്റ് രാജ്യങ്ങൾ വിസ ഒഴിവാക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ്. ലോകമെമ്പാടും സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി വിദേശ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ ഇന്ത്യൻ പാസ്പോർട്ടിന്റെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടി നടത്താൻ ശ്രമിക്കും എന്ന് കരുതുന്നു.

അമേരിക്കയും യൂറോപ്പുമൊക്കെ സന്ദർശിക്കാൻ വിസ അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ പങ്കുവെക്കുന്നു.

1. യാത്രാ പ്ലാനുകൾ മുൻകൂട്ടി തയാറാക്കുക. കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും എല്ലാ തയ്യാറെടുപ്പുകളും ക്രമീകരിക്കുക.
2. ബിസിനസ് ആവശ്യങ്ങൾക്കും, വിനോദ യാത്രക്കുമുള്ള പ്രത്യേക വിസകളിൽ അനുയോജ്യമായ അപേക്ഷ തിരഞ്ഞെടുക്കുക.
3. പാസ്പ്പോർട്ടിന്റെ കാലാവധി (എക്സ്പയറി ഡേറ്റ്) കുറഞ്ഞത് ആറു മാസം കഴിഞ്ഞാണെന്ന് ഉറപ്പു വരുത്തുക.
3. യാത്ര ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള യാത്രാ ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരിച്ച് രേഖകൾ തയാറാക്കുക.
4. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എംപ്ലോയ്‌മെന്റ് ലെറ്റർ, യാത്രാ സമയങ്ങൾ വ്യക്തമാക്കിയുള്ള ലീവ് ലെറ്റർ, മൂന്നു മാസത്തെ ശമ്പള സർട്ടിഫിക്കറ് എന്നിവ തയാറാക്കുക.
5. സ്വന്തമായി ബിസിനസ് ചെയ്യുന്നവർ കമ്പനിയുടെ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റും, ടാക്സ് ഫയലിംഗ് രേഖയും തയാറാക്കി വിസാ അപേക്ഷയുടെ കൂടെ കരുതുക.
6. ആവശ്യത്തിന് പണം ബാലൻസായുള്ള, ധാരാളം ക്രയവിക്രയങ്ങൾ നടത്തുന്ന, ശമ്പളം ക്രെഡിറ്റാവുന്ന ബാങ്ക് അക്കൗണ്ടുകളുടെ മൂന്ന് മാസത്തെ സ്റ്റേറ്റ്മെന്റ് വേണം.
7. ട്രാവൽ ഇൻഷുറൻസ് നിർബന്ധമായും എടുക്കുക. മുൻപ് സന്ദർശിച്ച രാജ്യങ്ങളുടെ വിസ പേജുകൾ അപേക്ഷയോടൊപ്പം നൽകുക.
8. യൂറോപ്പ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളായ 26 രാജ്യങ്ങൾ സന്ദർശിക്കാൻ ‘ഷെൻജൻ വീസ’ എന്ന ഒരു വിസ മതിയാവും. യൂറോപ്പ് സന്ദർശിക്കുമ്പോൾ ഏറ്റവും കൂടുതൽ ദിനങ്ങൾ ചിലവഴിക്കുന്ന രാജ്യത്തിന്റെയോ, ആദ്യം സന്ദർശിക്കുന്ന രാജ്യത്തിന്റെയോ എംബസിയിൽ ‘ഷെൻജൻ വീസ’ അപേക്ഷിക്കാവുന്നതാണ്. എംബസിയുടെ വെബ്സൈറ്റ് സന്ദർശിച്ച് വിസാ അപേക്ഷയുടെ നിർദേശങ്ങൾ മനസിലാക്കുക.
9. യാത്രാ പ്ലാനുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാവണം. അപേക്ഷ സമർപ്പിക്കുമ്പോൾ ദൃഢതയോടെ വർത്തമാനം നടത്തുക.
10. വികസിത രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നവരിൽ ഇന്ത്യക്കാർ ധാരാളമാണ്. അതു കൊണ്ട് എംബസി ഉദ്യോഗസ്ഥർ പ്രധാനമായും ശ്രദ്ധിക്കുക കുടിയേറിപ്പാര്‍ക്കാൻ പോവുകയല്ല എന്നുറപ്പു വരുത്താനാണ്. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകളിൽ തിരികെ നാട്ടിലെത്താനുള്ള കമ്മിറ്റ്മെന്റ് വ്യക്തമാവണം.
11. മുൻപ് ഏതെങ്കിലും രാജ്യങ്ങൾ സന്ദർശിച്ച് വിസാ കാലാവധി തീർന്ന ശേഷവും ഓവർ സ്റ്റേ ചെയ്തിട്ടുണ്ടെങ്കിൽ ബുദ്ധിമുട്ടാവും.
12. സന്ദർശിക്കാൻ താത്പര്യമുള്ള രാജ്യങ്ങളുടെ എംബസി വെബ്‌സൈറ്റ് സന്ദർശിച്ച് ധാരണ വരുത്തി സ്വന്തമായി നേരിട്ടു തന്നെ ഓൺലൈനിൽ വിസ അപ്പോയിന്റ്‌മെന്റിന് അപേക്ഷിക്കാവുന്നതാണ്.

അറുപതു രാജ്യങ്ങൾ സന്ദർശിച്ച യാത്രാ വിസകളും, എൻട്രി — എക്സിറ്റ് സ്റ്റാമ്പുകളുമടിച്ചു പേജുകൾ തീർന്ന ആറു ഇന്ത്യൻ പാസ്‌പോർട്ടുകളുടെ ശേഖരണവുമായി ഏഴാമത്തെ ഇന്ത്യൻ പാസ്‌പോർട്ടിൽ യാത്രകൾ തുടരുന്ന ഒരു ലോക സഞ്ചാരി — വരുൺ

#IndianPassport

@varunC360

--

--