Barun Chandran
4 min readMar 18, 2020

--

പട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്‌റ്റാർട്ടപ്പുകളും ചെറുകിട സ്ഥാപനങ്ങളും തുടങ്ങുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
— — — — — — — — — — —

കേരളത്തിൽ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള പുരോഗമനപരമായ വിവിധ മാറ്റങ്ങൾ ഇപ്പോൾസർക്കാർ തലത്തിൽ ആവിഷ്കരിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ആറു വർഷമായി ഒരു സംരംഭകനെന്ന നിലയിൽ പ്രവർത്തി പരിചയം നേടിയ അനുഭവപാഠങ്ങളിൽ നിന്നും ഗ്രാമീണ ചെറുകിട സംരംഭകർ പ്രധാനമായും ശ്രദ്ധിക്കേണ്ട ടിപ്സ് പങ്കു വെക്കുന്നു. ഒരു ഗ്രാമ പ്രദേശത്ത് കമ്പനി ഓടിക്കുന്നതിന് പരിമിതികള്‍ ഏറെയാണ്. കേരളത്തിൽ വ്യവസായം തുടങ്ങുന്നത് മറ്റു സംസ്ഥാനങ്ങളിലെ പോലെയോ, വിദേശ രാജ്യങ്ങളിലെ പോലെയോ സുതാര്യമായിരിക്കില്ല എന്ന വസ്തുത ആദ്യമേ ഉൾക്കൊണ്ടു, അൽപം ബുദ്ധിമുട്ടുകളൊക്കെ നേരിടേണ്ടി വരുമെന്ന മാനസിക തയ്യാറെടുപ്പിൽ കാര്യങ്ങൾ തുടങ്ങുക എന്നതാണ് ആദ്യപടി.

1. സ്വന്തമായി ഓഫീസ് കെട്ടിടം

ഐ ടി കമ്പനിക്കുള്ള ഓഫീസ്, ഉദ്യോഗാർത്ഥികൾക്ക് താമസ സൗകര്യം, പാർക്കിംഗ്, റിക്രിയേഷൻ സൗകര്യം എന്നിവയൊരുക്കി ഒരു ചെറിയ ഐ ടി പാർക്ക് മൂന്ന് വർഷം മുൻപ് ഞാൻ നിർമ്മിച്ചു. നിർമ്മാണം പൂർത്തീകരിച്ച ശേഷം ഏകദേശം ആറു മാസം സർക്കാർ ഓഫീസുകൾ കയറിയിറങ്ങിട്ടാണ് ബന്ധപ്പെട്ട അനുമതി രേഖകൾ ലഭ്യമായത്. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലെ ചില ഉദ്യോഗസ്ഥർ ബുദ്ധിരഹിതമായ സാങ്കേതിക കാരണങ്ങൾ പോലും നിയമവശങ്ങളുടെ പേരിൽ വളച്ചൊടിച്ച് അനുമതികൾ മനഃപൂർവ്വം വൈകിപ്പിക്കാനുള്ള സാധ്യതയുണ്ട്. ചിലർ കൈക്കൂലി ആവശ്യപ്പെട്ടേക്കാം. ചില രാഷ്ട്രീയ ഇടനിലക്കാർ ഇവരോടൊപ്പം ചേർന്ന് കൈക്കൂലി ബ്രോക്കർമാരാവാനും ശ്രമിക്കും. സത്യസന്ധരായ മറ്റു ചില രാഷ്ട്രീയക്കാർ ഉദ്യോഗസ്ഥരോട് നമ്മുടെ വിഷയം പരിഹരിക്കാൻ ആത്മാർത്ഥമായി ആവശ്യപ്പെടും, പക്ഷെ ‘എങ്ങിനെ ബുദ്ധിമുട്ടിക്കാം’ എന്ന മനഃസ്ഥിതിയുമായി മാത്രം പ്രവർത്തിച്ച് ഒരു തരം ആനന്ദം ആസ്വദിക്കുന്ന ചില ഉദ്യോഗസ്ഥർ അത്തരം രാഷ്ട്രീയ നേതാക്കളെ അനുസരിക്കില്ല. തങ്ങൾ ഏതോ ഉയർന്ന ആൾക്കാരാണ് എന്ന രീതിയിലുള്ള വെറുപ്പിക്കുന്ന പെരുമാറ്റ ശൈലിയും ഇക്കൂട്ടരുടെ മുഖമുദ്രയാണ്. നിരുപദ്രവകരമായ ചെറിയ സാങ്കേതിക പിഴവുകളെപ്പോലും ചൂണ്ടിക്കാട്ടി അനുമതികൾ തടഞ്ഞു വെക്കും. സർക്കാർ ഓഫീസുകളിൽ നിരന്തരം കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കും. ഭൂരിഭാഗം ദിവസങ്ങളിലും മണിക്കൂറുകളോളം സർക്കാർ ഓഫീസിൽ വെയിറ്റ് ചെയ്യേണ്ടി വരും. മിക്കവാറും ദിവസങ്ങളിൽ ഉദ്യോഗസ്ഥർ ഓഫീസിലുണ്ടാവില്ല. ‘ഇന്റർനെറ്റില്ല, കമ്പ്യൂട്ടർ കേടാണ്, മേലുദ്യോഗസ്ഥൻ വന്നിട്ടില്ല, ഫയൽ മറ്റേ ഓഫീസറുടെ ഡെസ്കിലാണ്, അടുത്താഴ്ച വരൂ, സാറ് ഫീൽഡ് വിസിറ്റിനു പോയിരിക്കുവാണ്, ഓഫീസർ അവധിയിലാണ്, ഉദ്യോഗസ്ഥൻ സ്ഥലം മാറി, പുതിയ ആൾ ചാർജെടുത്തിട്ടില്ല, വാഹനവുമായി നാളെ വരൂ, ഇലക്ഷൻ കഴിഞ്ഞിട്ട് വരൂ, കറണ്ടില്ല’ തുടങ്ങി ഒട്ടനവധി കീറാമുട്ടികൾ പറഞ്ഞു നടത്തിക്കും. തടസങ്ങളും, താമസങ്ങളും വരുത്തുന്നത് അമിത കാർക്കശ്യവും, അലസതയും, അഴിമതിയും പാലിച്ച് കാര്യതാമസവും വിളംബവും വരുത്തുന്ന ‘ചില’ സര്‍ക്കാരുദ്യോഗസ്ഥരാണ്. നമ്മുടെ യുവതലമുറകളെ മികച്ച സർക്കാർ ഉദ്യോഗസ്ഥരാക്കാൻ പ്രാപ്തരാക്കുന്ന പ്രൊഫഷണൽ സമീപനം ഉണ്ടായെങ്കിൽ മാത്രമേ സമീപ ഭാവിയിൽ എല്ലാ മേഖലകളിലും ചെറുകിട സംരംഭങ്ങൾ തുടങ്ങാനുള്ള നിക്ഷേപങ്ങൾ ആകർഷിച്ച് തൊഴിലില്ലായ്മയും, ഉയർന്ന വരുമാനമുള്ള തൊഴിലവസരങ്ങളുടെ അഭാവവും പരിഹരിക്കാൻ സാധിക്കൂ.
(Tips — വ്യവസായത്തിനാവശ്യമുള്ള കെട്ടിടം നിർമ്മിക്കുന്നതിന് മുൻപ് പഞ്ചായത്തിലും, വില്ലേജിലും ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരെ നേരിട്ടു കാണുക. എല്ലാ കെട്ടിട നിർമാണ ചട്ടങ്ങളും, നിയമ നിർദേശങ്ങളും ആദ്യം തന്നെ വ്യക്തമായി മനസിലാക്കുക. എല്ലാം കൃത്യമായി പാലിച്ചാലും കുറച്ചൊക്കെ നടക്കേണ്ടി വരാൻ മാനസികമായി തയ്യാറെടുക്കുക. പുതിയ നിയമമനുസരിച്ച് അനുമതികൾ പിന്നീട് നേടിയാൽ മതിയെന്ന് കേൾക്കുന്നുണ്ട്)

2. ലേബർ ഓഫീസ്, ടാക്സ് ഡിപ്പാർട്മെന്റ്, പി എഫ്, ഇ എസ് ഐ

ബിസിനസ് ഒന്നു പച്ച പിടിച്ചു തുടങ്ങുമ്പോൾ സ്വാഭാവികമായും നാലാളറിയും. പത്ര റിപ്പോർട്ടും, അവാർഡുകളുമൊക്കെ കിട്ടിയാൽ തൊട്ടു പിന്നാലെ ടാക്സ്, പി എഫ്, ഇ എസ് ഐ തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ കത്തുകൾ ലഭിച്ചു തുടങ്ങും. ആത്മാർത്ഥത കുറച്ചു ‘കൂടുതലായി’ പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് ഇക്കൂട്ടർ. അവരുടെ നിയമപ്രകാരം പല വിധത്തിലുള്ള രെജിസ്റ്റർ ബുക്കുകളൊക്കെ കമ്പനിയിൽ കൃത്യമായി സൂക്ഷിക്കണം. ജീവനക്കാരുടെ തൊഴിൽ പ്രവർത്തി വിഷയങ്ങളിൽ സ്വാഭാവികമായും ഉയർന്നു വരാറുള്ള വ്യാജ പരാതികളൊക്കെ കൂടുതലും ഇവർക്കായിരിക്കും ലഭിക്കുക. നിശ്ചിത ഇടവേളകളിലായി ‘അന്വേഷണം’ നടത്താൻ ആവേശത്തോടെ ഇവർ ഓടിയെത്തും.
(Tips — വ്യവസായം തുടങ്ങുന്നതിന് മുൻപ് തന്നെ ടാക്സ്, പി എഫ്, ഇ എസ് ഐ ലേബർ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമുള്ള എല്ലാ രേഖകളും, രെജിസ്റ്റർ ബുക്കുകളും മനസിലാക്കുക. പ്രസ്തുത വിവരങ്ങൾ കൃത്യമായി ബോധ്യമുള്ള, മാറി വരുന്ന നിയമങ്ങൾ പഠിച്ച് പുത്തന്‍ അറിവുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെ നിയമിക്കുക. ജീവനക്കാരുമായി ബന്ധപ്പെട്ട എന്തു തൊഴിൽ വിഷയം ഉണ്ടായാലും ലേബർ ഓഫീസിൽ യഥാസമയമോ, മുൻകൂറായോ രേഖാമൂലം വിശദീകരണവും, വിവരങ്ങളും അറിയിക്കുന്നത് ഉപകരിച്ചേക്കാം)

4. പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ

നമ്മുടെ നാട്ടിലെ 99% രാഷ്ട്രീയക്കാരും പുരോഗമന മനസ്കരാണ്. പ്രായോഗികമായ പുതിയ ആശയങ്ങളും, അവസരങ്ങളും നടപ്പാക്കാൻ അവർ ആവേശഭരിതരാണ്, തത്പരരാണ്. തൊഴിൽ വിഷയങ്ങളിൽ രാഷ്ട്രീയക്കാരെ മുഴുവനായും പഴിചാരുന്നതിൽ അർത്ഥമില്ല. രാഷ്ട്രീയ സംഘടനകൾ പ്രധാനമായും പിരിവിനു ലക്ഷ്യമിടും. കമ്പനിക്ക് എന്തെങ്കിലും പ്രയോജനമുണ്ടാവുന്ന തരത്തിൽ രാഷ്ട്രീയക്കാരുടെ ഇടപെടലൊന്നും പ്രതീക്ഷിക്കണ്ട. പണപ്പിരിവിന് വേണ്ടി മാത്രമാവും അവരുടെ കമ്പനി സന്ദർശനം. ജീവനക്കാരുടെ തൊഴിൽ സമയം തടസപ്പെടുത്തരുതെന്നോ, സമയബന്ധിതമായി പൂർത്തിയാക്കേണ്ട അടിയന്തിരമായ ജോലിത്തിരക്കിലാണന്നോ, ജോലി സമയം മുടങ്ങിയാൽ തൊഴിലിൽ മെച്ചപ്പെടാൻ സാധിക്കില്ലെന്നോ, യഥാസമയത്ത് ജോലി പൂർത്തീകരിച്ചില്ലെങ്കിൽ കമ്പനിക്ക് വരുമാനം ലഭിക്കില്ലെന്നോ ഒന്നും അവർക്ക് അറിയില്ല. ഭൂരിഭാഗം രാഷ്ട്രീയക്കാരും പ്രൊഫഷണൽ രീതിയിൽ എന്തെങ്കിലും തൊഴിൽ ചെയ്തുള്ള മുൻപരിചയമില്ലാത്തതിനാലാവാം അവർക്ക് തോന്നുന്ന സമയത്താണ് വരവ്. മിക്കവാറും തൊഴിൽ സമയങ്ങൾ മുടക്കിയാവും പിരിവ് സന്ദർശനം. പ്രതീക്ഷിച്ച തുക നൽകിയില്ലെങ്കിൽ ചിലർ മണിക്കൂറുകളോളം നിന്ന് വാചക കസർത്ത് നടത്തിക്കളയും. മറ്റു ചിലർ വെറുപ്പ് പ്രകടമാക്കി വാക്ക്ഔട്ട് നടത്തി പ്രതിഷേധിക്കും. ജീവനക്കാരുമായി ബന്ധപ്പെട്ട എന്തു തൊഴിൽ വിഷയം ഉണ്ടായാലും ഉടനടി ഇവർ പാഞ്ഞെത്തും.
(Tips — എല്ലാ രാഷ്ട്രീയപാർട്ടികൾക്കും കമ്പനിയുടെ അവസ്ഥയും താങ്ങാനാവുന്ന പിരിവ് തുകയൊക്കെ ബോധ്യപ്പെടുത്തി ഒരു കത്തു നൽകുക. ദയവായി ഓഫീസിലെ ഫോൺ നമ്പറിൽ മുൻകൂറായി ഫോൺ വിളിച്ച് ജോലി സമയം മുടക്കാതെ ഒഴിവുള്ള സമയം നോക്കി ഒരു മീറ്റിംഗ് സമയം മുൻകൂട്ടി നിശ്ചയിച്ച ശേഷം ഓഫീസിലേക്ക് വരാൻ അപേക്ഷിക്കുക. സാമാന്യബോധമുള്ളവർ പാലിച്ചേക്കാം. ജീവനക്കാരുമായി ബന്ധപ്പെട്ട എന്തു തൊഴിൽ വിഷയം ഉണ്ടായാലും യഥാസമയം രേഖാമൂലം വിശദീകരണവും, വിവരങ്ങളും അറിയിക്കുന്നത് ഉപകരിച്ചേക്കാം)

5. വൈദ്യുതി & ഇന്റർനെറ്റ്

സാമാന്യം മെച്ചപ്പെട്ട നെറ്റ് വർക് കവറേജ് ഇപ്പോൾ ലഭ്യമാണ്. പക്ഷെ ഇടയ്ക്കിടെ വൈദ്യുതി & ഇന്റർനെറ്റ് ഔട്ടെജ് ഉണ്ടാകാറുണ്ട്. പൊതുമരാമത്തു പണികളും, വാട്ടർ അതോറിറ്റിയുടെ പണികളും ഒക്കെ നടക്കുമ്പോൾ കേബിൾ കട്ടായി പോകാറുണ്ട്. കാറ്റും മഴയുമൊക്കെയുള്ള സമയത്ത് മരച്ചില്ലകൾ വീണും കേബിൾ മുറിഞ്ഞു പോകാറുണ്ട്. വൈദ്യുതി വകുപ്പിന്റെ റിപ്പയർ പണികൾ നടക്കുമ്പോൾ ചില ദിവസങ്ങളിൽ മുഴുവൻ പ്രവർത്തി സമയവും കറണ്ട് ഉണ്ടാകാറില്ല. മാസത്തിൽ ഒന്നോ രണ്ടോ തവണയൊക്കെ ഇത്തരം വിച്ഛേദനം സംഭവിക്കാറുണ്ട്.
(Tips — ജനറേറ്റർ, ഇന്റർനെറ്റ് ഡോങ്കിൾ എന്നിവ തീർച്ചയായും ഉണ്ടായിരിക്കണം)

6. ജീവനക്കാർ

ചെറുപട്ടണങ്ങളിലും, ഗ്രാമീണ മേഖലകളിലും മികവുള്ള ഉദ്യോഗാർഥികളെ ലഭ്യമാവുക അത്ര എളുപ്പമാവില്ല. ഒരു പട്ടണത്തിലെ ജീവിത ശൈലി ഗ്രാമത്തില്‍ ലഭിക്കുകയില്ല. ഉയർന്ന നിലവാരമുള്ളവരെല്ലാം വലിയ പട്ടണങ്ങളിലെയോ വിദേശ രാജ്യങ്ങളിലെയോ കമ്പനികളിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലിക്കായി പോകും. രണ്ടാം കിട നിലവാരമുള്ളതോ, താണനിലവാരമുള്ളതോ ആയ ഉദ്യോഗാര്‍ത്ഥികളാണ് ഗ്രാമപ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന ഭൂരിഭാഗം അപേക്ഷകരും. പഠനശേഷം ജോലി ലഭിക്കാത്തവർ തൊഴിൽ പരിചയം ലഭിക്കാൻ വേണ്ടി മാത്രമുള്ള ലക്ഷ്യവുമായി ധാരാളമായി വരും. അത്തരക്കാർ കുറച്ചു നാളത്തെ എക്സ്പീരിയൻസ് നേടിയാലുടൻ ഉയർന്ന ശമ്പളവും, പട്ടണത്തിലെ ജീവിത ശൈലിയും നോക്കി കമ്പനി വിടും. പ്രാദേശിക രാഷ്ട്രീയക്കാരുടെ ശുപാർശയുമായി വരുന്നവർ, എൻജിനീയറിങ് പരീക്ഷയിൽ തോറ്റ് വീണ്ടും എഴുതാൻ തയ്യാറെടുക്കുന്നവർ, ഗൾഫിലേക്ക് പോകാൻ ശ്രമിക്കുന്നവർ, കല്യാണാലോചന നടക്കുന്നവർ എന്നിങ്ങനെ വിവിധ തരക്കാർ ധാരാളമായും തൊഴിലിനായി അപേക്ഷിക്കും. നാട്ടുമ്പുറത്തെ പഠന രീതികളും, മനോഭാവവും, സമ്പര്‍ക്ക രീതികളും, ചിന്താഗതിയും ഒക്കെ ശീലമാക്കിയ നവാഗത ഉദ്യോഗാര്‍ത്ഥികളെ പ്രൊഫഷണലിസം പഠിപ്പിച്ചെടുക്കാന്‍ വലിയ കടമ്പയാണ്. കമ്പനിയുടെ പോളിസികള്‍ക്കനുസൃതമായി കഴിവ് തെളിയിക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരം നഷ്ടപ്പെടുമ്പോള്‍ വൈകാരികത തോന്നാം.
(Tips — വളരെ മുന്‍കരുതലുള്ള തൊഴിൽ നയങ്ങൾ രുപീകരിച്ച് കൃത്യമായ ഇടവേളകളിൽ ജീവനക്കാർക്ക് വ്യക്തത വരുത്തി ഓർമപ്പെടുത്തണം. ശമ്പളം, അവധി, പ്രകടന അവലോകനം, പ്രൊഫഷണലിസം എന്നീ ഉദ്യോഗസംബന്ധമായ കാര്യങ്ങളിൽ വളരെ ജാഗ്രത പുലർത്തണം)

Twitter — Barun Chandran

LinkedIn — Barun Chandran

#barunchandran #varunchandran

--

--