ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം നേടാം

Barun Chandran
2 min readNov 5, 2020

ഉയർന്ന ഡിഗ്രിയും മാർക്കുമില്ലെങ്കിലും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്ന ഒരു പ്രധാന നൈപുണ്യമാണ് ഇംഗ്ളീഷ് ഭാഷാ വാക്ചാതുര്യം. അന്താരാഷ്ട്ര നിലവാരത്തിൽ ഇംഗ്ളീഷ് ഭാഷ നിരന്തരം പഠിച്ചു കൊണ്ടിരിക്കുന്നത് ലോകോത്തര ഐ ടി കമ്പനികളിൽ പത്തു വർഷത്തോളം വിവിധ രാജ്യങ്ങളിൽ ജോലി ലഭിക്കാനും, മൂന്നു കമ്പനികൾ സ്വന്തമായി നടത്താനും, അറുപതോളം രാജ്യങ്ങൾ സന്ദർശിക്കാനും സഹായകമായി. കരിയറിന്റെ തുടക്കകാലത്ത് ബികോം പൂർത്തീകരിക്കാനാകാതെ ജോലി തേടി ബാംഗ്ലൂരിലേക്ക് നാടുവിട്ട് ഇംഗ്ളീഷ് ഭാഷ പഠിച്ച ലളിതമായ ടിപ്സ് പങ്കു വെക്കുന്നു.

സ്ഥിരമായി CNN, BBC, Discovery തുടങ്ങിയ ചാനലുകൾ കാണുക; സമകാലിക വാർത്തകളും, സംവാദ — സംഭാഷണ — ചർച്ചാ രീതികളും, വാക്കുകളുടെ ഉച്ചാരണ രീതികളും ശ്രദ്ധിക്കുക, മനസിലാക്കുക. ഇംഗ്ലീഷ് സിനിമകൾ കാണുക. ഇംഗ്ലീഷ് നോവലുകളും, പുസ്തകങ്ങളും (ഫിക്ഷൻ & നോൺ ഫിക്ഷൻ) വായിക്കുക. ഇംഗ്ലീഷ് ന്യൂസ് വായിക്കുക. യൂട്യൂബിൽ ഇംഗ്ലീഷ് ട്യൂട്ടോറിയൽ വീഡിയോ കാണുക. മേൽപ്പറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്യുമ്പോൾ ഒരു ഡിക്ഷ്ണറി എപ്പോഴും കയ്യിൽ കരുതി വാക്കുകളുടെ അർത്ഥവും, സമാനാര്‍ത്ഥകമായ വാക്കുകളും പഠിക്കുക.

പരസ്പരം ഇംഗ്ളീഷിൽ സംസാരിക്കാനും, ഗ്രൂപ്പ് ചർച്ചകൾ നടത്താനുമൊക്കെ താത്പര്യമുള്ള കൂട്ടായ്മകൾ / ഫ്രണ്ട്ഷിപ് രുപീകരിച്ച് നിരന്തരം ഇംഗ്ളീഷ് ഭാഷയിൽ സംസാരിക്കുക. തെറ്റു പറ്റുമെന്നുള്ള ഭയമോ, അപകർഷതാ ബോധമോ, ചമ്മലോ, മറ്റുള്ളവർ കളിയാക്കുമെന്നോ ഉള്ള ചിന്തകൾ പാടെ ഉപേക്ഷിക്കുക. താത്പര്യമുള്ള വിവിധ വിഷയങ്ങൾ തിരഞ്ഞെടുത്ത് അവയെ പറ്റി ചെറിയ ഗവേഷണം നടത്തി അറിവ് നേടിയ ശേഷം വീടിന്റെ ടെറസിലോ — മുറ്റത്തോ — പറമ്പിലോ — കുറ്റിക്കാട്ടിലോ സ്വയം മാറി നിന്ന് ചെടികളോടും മരങ്ങളോടുമൊക്കെ വലിയ സദസ്സായി അഭിസംബോധന ചെയത് ഇംഗ്ളീഷിൽ സംസാരിച്ച് പരിശീലിക്കുക. ഇംഗ്ളീഷ് ഭാഷയിൽ മാത്രം ‘ചിന്തിക്കുക’ (most important).

മലയാളം ഇംഗ്ളീഷിലേക്ക് പരിവർത്തനം ചെയ്ത് ഇംഗ്ലീഷ് ഭാഷ പഠിച്ച് ശീലിക്കരുത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ലളിതമായ ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്ന സ്വദേശികളും വിദേശികളുമായവരുടെ വീഡിയോകൾ കാണുക, അങ്ങനെയുള്ളവരുമായി സമ്പർക്കം പുലർത്തുക. ട്രെയിനിങ് ചെയ്യാൻ പ്രായോഗികമായ, യഥാര്‍ത്ഥമായ സ്കിൽ ഡെവലപ്മെന്റ് പ്രവര്‍ത്തികള്‍ പറഞ്ഞു തരുന്നവരെ ഫോളോ ചെയ്യുക. മലയാള ഭാഷയുടെ സംസാര — ഉച്ചാരണ (മല്ലു ആക്‌സെന്റ്) രീതികൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ സ്വാധീനിക്കാതെ ശ്രദ്ധിക്കുക.

Twitter — Barun Chandran

LinkedIn — Barun Chandran

#barunchandran

--

--