ഒരു സാധാരണ ഇടത്തര മലയാളിയുടെ സങ്കല്‍പ്പത്തിലുള്ള ജോലികള്‍ക്ക് ഭാവിയിൽ മാറ്റങ്ങള്‍ വരാനുള്ള സാധ്യതകൾ

Barun Chandran
3 min readDec 25, 2019

Year 2030 — ഒരു സാധാരണ ഇടത്തര മലയാളിയുടെ സങ്കല്‍പ്പത്തിലുള്ള ജോലികള്‍ക്ക് ഭാവിയിൽ മാറ്റങ്ങള്‍ വരാനുള്ള സാധ്യതകൾ നാം ചിന്തിക്കേണ്ടതുണ്ട്.

അധ്യാപകർ — വളരെ വേഗം മാറി വരുന്ന കാലഘട്ടത്തിനനുയോജ്യമായി അധ്യാപന രീതികളും, പഠന വിഷയങ്ങളും നിരന്തരം പരിഷ്കരിച്ച് പ്രധാനമായും തൊഴിൽ നൈപുണ്യ വികസനത്തിന് (സ്കിൽ ഡെവലപ്മെന്റ്) ശ്രദ്ധയൂന്നി വിദ്യാർത്ഥികളെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴിലുകൾക്ക് പ്രാപ്തരാക്കുന്ന അധ്യാപന മികവുള്ളവർക്കാവും അവസരങ്ങൾ ഏറെ. ജീവിതത്തിലോ തൊഴിൽ രംഗത്തോ പ്രയോഗികതയില്ലാത്ത വിഷയങ്ങൾ കാണാപാഠം പഠിച്ച് ഉയർന്ന റാങ്കു നേടി കൊട്ടിഘോഷിക്കപ്പെടുന്ന അധ്യാപന — വിദ്യാഭ്യാസ സംസ്കാരം കാലഹരണപ്പെടും. വിദ്യാർത്ഥികൾക്ക് വേണ്ടുന്ന അടിസ്ഥാനപരമായ കഴിവുകളായ യുക്തിവിചാരം, നിര്‍ണായക തിരുമാനങ്ങളെടുക്കാനുള്ള കഴിവ്, സാമാന്യ ബുദ്ധി, പ്രവൃത്തിപരമായ ആശയവിനിമയ ശേഷി (Critical thinking, Decision making, Common Sense, Communications) എന്നിവ നിർണായകമാണ്. വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങളും, വിദ്യാർത്ഥികളുടെ അഭിരുചി സൂചനകളും മനസിലാക്കി അവരിലെ തൊഴിൽ നൈപുണ്യ ശേഷി വികസിപ്പിക്കാൻ കഴിവുള്ള അധ്യാപകർക്ക് മാത്രമേ വരും ഭാവിയിൽ ഉന്നത നിലാവാരമുള്ള തൊഴിൽ സാധ്യതകൾ ലഭിക്കൂകയുള്ളു.

അക്കൗണ്ടന്റ് — കമ്പ്യൂട്ടറും, സോഫ്ട്‍വെയറുകളും ഉപയോഗിച്ച് ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂടെ ചെയ്യാവുന്ന കണക്കെഴുത്ത്‌ നിലവിൽ വന്നു കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും (നിർമിത ബുദ്ധി), റോബോട്ടിക്സും അക്കൗണ്ടന്റ് തൊഴിൽ മേഖലകളിൽ ഭാവിയിൽ വൻ പരിണാമം സൃഷ്ടിക്കും. ബുക്ക് കീപ്പിങ്, ക്ലാർക്ക്, ട്രാന്സാക്ഷണൽ ഡാറ്റ എൻട്രി തുടങ്ങിയ തൊഴിലുകൾ ഓട്ടോമേറ്റഡ് ആകും. പ്രധാന അക്കൗണ്ടിങ് സേവനങ്ങൾ ചിലവ് കുറഞ്ഞ രീതിയിലും, ഉയർന്ന സൂക്ഷ്മതയോടെയും ലഭ്യമാവും. ഡിജിറ്റൽ സാങ്കേതിക പരിജ്ഞാനം, അവബോധ ധാരണ, തീരുമാനമെടുക്കൽ, അക്കൗണ്ടിംഗ് & ടാക്സ് നിയമ പരിജ്ഞാനം എന്നീ സുപ്രധാനമായ കഴിവുകളുള്ളവർക്ക് മാത്രമേ അക്കൗണ്ടന്റ് മേഖലയിൽ മികച്ച തൊഴിൽ സാധ്യതകൾ ലഭിക്കുകയുളളൂ.

നേഴ്‌സ് — ആരോഗ്യമേഖലയിലെ വിവിധ കരകൃതമായ തൊഴിലുകൾ (Manual jobs) യന്ത്രവൽക്കരിക്കപ്പെടും. എന്നാൽ മെഷീൻ ടെക്നോളജി കൊണ്ട് പകരം വയ്‌ക്കല്‍ സാധ്യമാവാത്ത തൊഴിൽ മേഖലയാണ് നേഴ്‌സിങ്. ലോക ജനസംഘ്യ കൂടി വരികയാണ്. ദീര്‍ഘകാലാടിസ്ഥാനത്തിൽ പല വികസിത രാജ്യങ്ങളിലും വയോജകരുടെ ജനസംഘ്യ ഉയരും. അവർക്ക് വിവിധ തരത്തിലുള്ള ആരോഗ്യ പരിപാലന സേവനങ്ങൾ ആവശ്യമായി വരും. ആഗോളതലത്തിൽ നേഴ്‌സുമാരുടെ കുറവ് നിലനിൽക്കുന്നു. മികച്ച ആശയ വിനിമയ ശേഷിയും, മാനുഷിക ഗുണങ്ങളുമുള്ള നഴ്സുമാർക്ക് തൊഴിൽ സാധ്യതകൾ വളരെയധികം ലഭ്യമാണ്.

ജേർണലിസം — ഡിജിറ്റൽ യുഗത്തിലെ നവമാധ്യമ മേഖലയുടെ വരവോടു കൂടി പരമ്പരാഗത അച്ചടി-ദൃശ്യ മാധ്യമങ്ങൾ ആഗോള തലത്തിൽ പരുങ്ങലിലാണ്. വികസിത രാജ്യങ്ങളിലെല്ലാം തന്നെ മാധ്യമ മേഖല പുനരുത്ഥാന പാതയിലാണ്. സ്ഥായിയായ വരുമാന-ലാഭമുറപ്പാക്കാവുന്ന വിവിധ മാധ്യമ സംയോജിത ബിസിനസ് മോഡലുകൾ പരീക്ഷിക്കപ്പെടുന്നുണ്ട്. മാധ്യമ സിൻഡിക്കേറ്റുകൾ നിയന്ത്രിതമായി വാർത്തകൾ തീരുമാനിക്കുന്നതും സംപ്രേഷണം ചെയ്യുന്നതുമായ ബ്രോഡ്കാസ്റ്റിംഗ് & ന്യൂസ്‌പേപ്പർ രീതികളിൽ നിന്നും ഡിജിറ്റൽ & മൊബൈൽ ആധിപത്യമുളള പരിസ്ഥിതിയിലേക്ക് മാധ്യമ രംഗം പരിണമിക്കുന്നു. വാർത്താ വിവരങ്ങൾ യഥാസമയത്ത് സമഗ്രമായ വിശകലനവും, സത്യസന്ധമായ വ്യാഖ്യാനങ്ങളും ഉൾപ്പെടുത്തി വിശ്വാസമാർജ്ജിക്കുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തനങ്ങൾക്കാവും ഭാവിയിലെ അവസരങ്ങൾ. കോണ്ടന്റ് മാർക്കറ്റിംഗ് (Content marketing) ജേർണലിസ്റ്റുകൾക്ക് സാധ്യതയുള്ള ഇതര തൊഴിൽ മേഖലയാണ്.

ബാങ്കിങ് — ഡാറ്റാ അനലിറ്റിക്‌സ് & ഓട്ടോമേഷൻ ടെക്നോളജിയുടെ പക്വമായ വികാസത്തോടെ ഇപ്പോഴുള്ളതിൽ മൂന്നിലൊന്നു വിഭാഗം ബാങ്കിങ് ജോലികളും നഷ്ടപ്പെടും. ബാങ്ക് ടെല്ലർ, കസ്റ്റമർ സർവീസ് ഓഫീസർ, റിലേഷൻഷിപ് മാനേജർ, അനലിസ്റ്റ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ, ലോൺ പ്രോസസിങ് തുടങ്ങി നാൽപതോളം വിവിധ ബാങ്കിങ് തൊഴിലുകൾക്ക് സ്ഥാനമാറ്റം സംഭവിക്കും. ഡിജിറ്റൈസേഷൻ & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ കൂടുതൽ നടപ്പിലാവുന്നതോടെ ബ്രാഞ്ചുകളും, എ ടി എമ്മുകളും കുറയും.

സർക്കാർ ജോലികൾ — ഒരു ജനാധിപത്യ സംവിധാനത്തിലെ വിവിധ നയപരമായ കാരണങ്ങളാൽ മധ്യവർഗവരുമാന ശ്രേണിയിലെ സുരക്ഷിത മേഖലയായി നിലനിൽക്കപ്പെടുന്ന ഒരു തൊഴിൽ മേഖലയാണിത്. എന്നാൽ ഈ മേഖലയിലെ നിലവാര പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുള്ള തലമുറയാണ് വളർന്നു വരുന്നത്. മനുഷ്യത്വപരമായ സമീപനം, ജനസൗഹൃദമായ അന്തരീക്ഷം, സേവന മനോഭാവം, പ്രശ്നപരിഹാര സാമര്‍ത്ഥ്യം, കാര്യക്ഷമത, ദീർഘ വീക്ഷണം തുടങ്ങിയ കഴിവുകളുള്ളവർക്ക് മാത്രമേ ഭാവിയിൽ സർക്കാർ ഉദ്യോഗസ്ഥരായി തൊഴിലെടുക്കാൻ അവസരങ്ങൾ ലഭിക്കുകയുള്ളൂ.

ഗൾഫ് ജോലികൾ — ഗൾഫ് നാടുകളിൽ നിലവിലുള്ള ലേബർ ജോബുകളിൽ 45 ശതമാനത്തോളം ഓട്ടോമേഷൻ യന്ത്രവൽക്കരണം നടപ്പാക്കൽ സാധ്യമാകുമെന്നാണ് മക്കിൻസി റിപ്പോർട്ട് പറയുന്നത്. തൊഴില്‍പരമായ പ്രവർത്തികൾ പൂർണമായും ഓട്ടോമേറ്റ് ചെയ്യാൻ സാധിക്കാത്ത മേഖലകളുണ്ട്. എന്നാൽ ഭാഗികമായ ഒരുപാട് തൊഴിലുകൾ റോബോട്ടിക്‌സ് & നിർമിത ബുദ്ധി സംവിധാനങ്ങൾ ഏറ്റെടുക്കുമ്പോൾ ഒരു വലിയ വിഭാഗം താഴ്ന്ന-മധ്യ വർഗ വിദേശി തൊഴിലാളികളുടെ തൊഴിലവസരങ്ങൾ കുറയ്ക്കും. ടെക്‌നിക്കൽ ഓട്ടോമേഷൻ പ്രാവർത്തികമാകുന്നത് 90 ശതമാനവും ബാധിക്കുന്നത് താഴ്ന്ന വരുമാനക്കാരായ വിദേശികളായ ലേബർ തൊഴിലാളികളെയാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഉയർന്ന വിദ്യാഭ്യാസ നിലവാരം സൃഷ്ടിക്കലും, സുപ്രധാന തൊഴിൽ മേഖലകളിലെ സ്വദേശിവത്കരണവും ഗൾഫ് നാടുകളിൽ ഉന്നത നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ദീർഘ വീക്ഷണത്തോടെയുള്ള നയതന്ത്രങ്ങളാണ്.

അസംഘടിത മേഖല — പ്ലംബർ, ഇലക്ട്രീഷ്യൻ തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകൾ വർദ്ധിക്കും. കാഷ്യർ, ഡ്രൈവർ, ട്രാവൽ ഏജന്റ്‌, ഫാക്ടറി വർക്കേഴ്സ്, കാൾ സെന്റർ, ലീഗൽ സ്റ്റാഫ്, സൈനികർ, സ്റ്റോർ ക്ലാർക്ക് തുടങ്ങിയ തൊഴിൽ മേഖലകളിൽ റോബോട്ടിക്‌സ് സംവിധാനങ്ങൾ വരുന്നതോടെ ഒരു വലിയ ശതമാനം ജോലി സാധ്യതകൾ കുറയും.

ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം ബിസിനസ്സിന്റെ പ്രവർത്തന രീതികളെ ആകമാനം പരിഷ്കരിക്കുന്നു. ഇത് മറ്റൊരു തരത്തിൽ, ജോലിസ്ഥലത്ത് ആവശ്യമായ കഴിവുകളുടെ കാര്യത്തിൽ ശക്തിയായ സ്വാധീനം ചെലുത്തുന്നു. പുതിയ നൈപുണ്യതയുടെ ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പല കഴിവുകളും അപ്രധാനമാകുന്നു, അപ്രസക്തമാകുന്നു. വേൾഡ് ഇക്കണോമിക്ക് ഫോറത്തിന്റെ ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ട് അനുസരിച്ച് 2020 ആകുമ്പോഴേക്ക്, ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾക്ക് ആവശ്യമായ വൈദഗ്ധ്യങ്ങളുടെ മൂന്നിൽ ഒരു ഭാഗം ഇന്നത്തെ തൊഴിലുകൾക്ക് ഇതുവരെ ആവശ്യമായി തോന്നാത്ത വൈദഗ്ധ്യങ്ങൾ ആകും. തൊഴിൽമേഖല കൂടുതൽ വിധേയത്വം പുലർത്തുന്നതും സഹകരണപരവും ചലനാത്മകവുമാകുന്നതുമൂലം തൊഴിൽദാതാക്കൾ ഡാറ്റാ അനലിറ്റിക്സ് പോലെയുള്ള സാങ്കേതിക കഴിവുകൾ മാത്രമല്ല, സർഗാത്മകത, വിമർശനാത്മക ചിന്ത, പ്രശ്ന പരിഹാരം, സ്വാധീനം, വൈകാരികമായ സാമര്ത്ഥ്യം തുടങ്ങിയ അനൌദ്യോഗിക നൈപുണ്യങ്ങൾ നേടിയ ഉദ്യോഗാർത്ഥികളെയാണ് അന്വേഷിക്കുന്നത്. പുതിയ വൈദഗ്ദ്ധ്യങ്ങൾ നേടുന്നതിലൂടെ മാത്രമേ വിദ്യാർത്ഥികളും ജോലിക്കാർക്കും ഭാവിയിൽ തൊഴിൽ മേഖലയിൽ നിലനിൽക്കാൻ സാധിക്കൂ.

#barunchandran

Twitter — Barun Chandran

--

--